PRO
125 തിയേറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഒരു മലയാളചിത്രം ഇതിനുമുമ്പ് ഇത്രയും വൈഡ് റിലീസ് ഉണ്ടായിട്ടില്ല. റിലീസിന്‍റെ രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ 80 സെന്‍ററുകളിലേക്ക് ഈ സിനിമ ചുരുങ്ങി. തീരെ നിലവാരമില്ലാത്ത തിരക്കഥയും സംവിധാനവുമാണ് കാണ്ഡഹാറിനെ കൊലപ്പെടുത്തിയത്!
കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ എടുത്തത്. അമിതാഭ് ബച്ചനെ ആദ്യമായി മലയാളത്തിലവതരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം സുമലത തിരിച്ചെത്തി. അഭിയും നാനും, ഉന്നൈപ്പോല്‍ ഒരുവന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗണേഷ് വെങ്കിട്ടരാമന്‍ ഒരു പ്രധാന കഥാപാത്രമായെത്തി. ഇവരൊക്കെയുണ്ടായിട്ടും ഇല്ലാതിരുന്നത് ഒന്നുമാത്രമാണ് - നല്ല തിരക്കഥ. സിനിമ എന്നാല്‍ കുട്ടിക്കളിയല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് കാണ്ഡഹാറിന്‍റെ പരാജയം.
മോഹന്‍ലാലിന്‍റെ കടുത്ത ആരാധകര്‍ക്കുപോലും നിരാശ സമ്മാനിച്ച ചിത്രമായിരുന്നു ഇത്. ഇത്രയും മോശമായ ഒരു ക്ലൈമാക്സ് അടുത്തകാലത്തെങ്ങും ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളില്‍ ആളൊഴിയുകയായിരുന്നു. വാരാന്ത്യത്തില്‍ തിരുവനന്തപുരത്തെ തിയേറ്ററുകളിലെ ഈവനിംഗ് ഷോകളില്‍ പോലും വിരലിലെണ്ണാവുന്ന ആളുകളാണ് കാണ്ഡഹാര്‍ കാണാനെത്തിയത്. മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നീ വന്‍ സിനിമകള്‍ ഈയാഴ്ച റിലീസാവുകയാണ്. അതോടെ കാണ്ഡഹാര്‍ തിയേറ്ററുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചുമാറ്റപ്പെടും.
No comments:
Post a Comment